ബൈക്കിൽ സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക് പോകുന്നതിനിടെ അപകടം; മലപ്പുറത്ത് 26 വയസുകാരന് ദാരുണാന്ത്യം

ദേശീയപാതയിലെ വള്ളുവമ്പ്രം മുസ്ലിയാര്‍പീടികയില്‍ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തില്‍ 26 വയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടി മേലങ്ങാടിയിലെ പാലക്കല്‍ മുഹമ്മദലിയുടെ മകന്‍ ഷിബില്‍ റഹ്‌മാന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു  അപകടം.

വെള്ളൂരിലെ സുഹൃത്ത് ടി.വി. മുസ്തഫയുടെ വിവാഹവീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ഷിബില്‍ അപകടത്തില്‍പ്പെട്ടത്. ഷിബിലും ആഷിഖും ഒരു ബൈക്കിലും, സുഹൃത്തായ യാസീന്‍ മറ്റൊരു ബൈക്കിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. മുസ്ലിയാര്‍പീടികയില്‍ വെച്ച് മുന്നിലുണ്ടായിരുന്ന തമിഴ്നാട് ആര്‍.ടി.സി വക സേലം ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ, എതിര്‍ദിശയില്‍ നിന്നും വന്ന കാറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ബൈക്കില്‍ നിന്നും തെറിച്ചുവീണ ഷിബില്‍ തൊട്ടടുത്ത ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷിബിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികന്‍ എം.വി. ആഷിഖിനെ (24) സാരമായ പരിക്കുകളോടെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ വീട്ടിലേക്ക് വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രം ശേഷിക്കെയാണ് ഷിബിലിന്റെ ജീവൻ നഷ്ടമായത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനായിരുന്നു ഷിബില്‍ റഹ്‌മാന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മാതാവ്: മൈമൂന.
സഹോദരങ്ങള്‍: ഷബീല്‍, സാഹില്‍.

Related Articles

Back to top button