മാസപ്പടി കേസിൽ പിണറായി വിജയൻറെ വാദങ്ങളെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ

സിഎംആർഎൽ- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ. കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഇപ്പോഴും സർക്കാരിന് ഈ നിലപാട് തന്നെയാണ് ഉള്ളതെന്നും എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം, പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു.
പിണറായി വിജയനെതിരെ എഫ്‌ഐആർ ഇട്ടതിൽ എന്താണ് പ്രശ്‌നമെന്ന് ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആർ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സർക്കാർ വാദം. അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയിൽ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലിൽ വാദം തുടരുകയാണ്.



