ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ മരണം… സാവരിയയുടേത് അതിക്രൂര കൊലപാതകമെന്ന് കുടുംബം

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിനെ സഹപാഠി സാദറുൽ അനം അതിക്രൂരമായി മർദ്ദിച്ചെന്ന് കുടുംബം. സാവരിയയുടെ തല മുതൽ കാലു വരെ അടിച്ചുചതച്ച നിലയിലായിരുന്നുവെന്നും ഉസ്ബക്കിസ്ഥാനിൽ നിന്ന് നിലവിൽ കേസിന്റെ കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമാകുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട 22 വയസ്സുകാരി സാവരിയ ബസന്തും, നിലവിൽ ഉസ്ബക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലുള്ള 23 കാരനായ പ്രതി സാദറുൽ അനമും. പെരിന്തൽമണ്ണ സ്വദേശിയാണ് പ്രതി. പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ക്രൂരമായ മുറിവുകൾ ഉസ്ബക്കിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ തങ്ങളെ കാണിച്ചുതന്നിരുന്നുവെന്നും, ഇതൊരു ആസൂത്രിതവും ക്രൂരവുമായ കൊലപാതകമാണെന്ന് അവർ വ്യക്തമാക്കിയതായും കുടുംബം പറയുന്നു.
പ്രതിയായ സാദറുൽ അനം സാവരിയയെ മുൻപും പലതവണ മതപരിവർത്തനം നടത്താൻ നിർബന്ധിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. എന്നാൽ സാവരിയ അതിന് തയ്യാറായിരുന്നില്ല. കൂടെ പഠിച്ചിരുന്ന മറ്റ് സഹപാഠികളാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ പൂർണ്ണമായി വ്യക്തമായിട്ടില്ലെങ്കിലും പ്രതി മുൻപും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം കടുത്ത സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഉസ്ബക്കിസ്ഥാനിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. അവിടെ ഹോസ്റ്റലുകളിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും ഭക്ഷണം കഴിക്കാൻ പോലും കുട്ടികൾ കനത്ത പ്രതിസന്ധി നേരിട്ടിരുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിലുണ്ടായിരുന്ന മറ്റ് ക്രൂരമായ മുറിവുകളോ പീഡനവിവരങ്ങളോ അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ, പ്രതിക്ക് വരുംദിവസങ്ങളിൽ എളുപ്പത്തിൽ നാട്ടിലേക്ക് രക്ഷപ്പെടാനുള്ള സാഹചര്യം തടയാനും കേസ് നിയമപരമായി കൂടുതൽ ശക്തമാക്കാനുമാണ് കുടുംബം നാട്ടിൽ റീ-പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. സാവരിയ ബസന്തിന്റെ മൃതദേഹം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് റീ-പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ സാവരിയയുടെ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ സാദറുൽ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പോലീസ് നിലവിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനാണ് കേരള പോലീസും ഒരുങ്ങുന്നത്.



