സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമെ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് പ്രവചനം. നാളെ കാസർകോട് മുതൽ മലപ്പുറം വരെയുള്ള 5 വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കും.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ ഇന്നലെ റെഡ് അലേർട്ടായിരുന്നു. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി അവധി നൽകാൻ കളക്ടർമാർ തീരുമാനിച്ചത്. ജില്ലകളിലെ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ മൂന്ന് ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അവ പരിപാടികൾ പ്രകാരം തന്നെ നടക്കും. മഴ കാരണം നഷ്ടപ്പെടുന്ന പ്രവൃത്തി ദിനങ്ങൾ പിന്നീട് നികത്തുന്നതിനുള്ള ആവശ്യമായ നടപടികൾ അതത് സ്ഥാപന മേധാവികൾ സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

മഴ കനത്തതോടെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ഏഴുമണി മുതൽ രാവിലെ ഏഴുമണി വരെയുള്ള സമയങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ കർശന നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായ ക്യാമ്പുകളിലേക്കും സ്ഥാനങ്ങളിലേക്കും മാറ്റാനുള്ള നടപടികൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടാതെ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button