തിരഞ്ഞെടുപ്പ് ഫലത്തിനിടയിൽ വൻ ലഹരിക്കടത്ത്…. നിലമേലിൽ 20 ഗ്രാം എംഡിഎംഎയുമായി വർക്കല സ്വദേശി പിടിയിൽ

സംസ്ഥാനം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആവേശത്തിലായിരിക്കെ, ഉദ്യോഗസ്ഥർ തിരക്കിലായിരിക്കുമെന്ന ധാരണയിൽ വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതി പിടിയിലായി. വർക്കല മടവൂർ സ്വദേശി തൻസീർ എച്ച് (43) ആണ് 20 ഗ്രാം എംഡിഎംഎയുമായി ചടയമംഗലം എക്സൈസ് സംഘത്തിന്റെ വലയിലായത്. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണിത്.

പ്രതി ബംഗളൂരുവിൽ നിന്ന് ലഹരിമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമേൽ വില്ലേജിലെ കണ്ണങ്കോട് ജംഗ്ഷനിൽ വെച്ചാണ് എക്സൈസ് ഇൻസ്പെക്ടർ നന്ദു തേജസ് ജി.ബിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് നൈറ്റ് സർവീസ് ബസുകൾ വഴി നേരിട്ട് എംഡിഎംഎ എത്തിച്ച് നാട്ടിൽ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. നിലമേൽ, കൈതോട് ഭാഗങ്ങളിലെ പ്രധാന മൊത്തവിതരണക്കാരനാണ് തൻസീർ. കൊമേഴ്‌സ്യൽ ക്വാണ്ടിറ്റിയിൽ ഉൾപ്പെടുന്ന അളവിൽ മയക്കുമരുന്ന് കണ്ടെടുത്തതിനാൽ എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ഫലപ്രഖ്യാപന ദിവസം പോലീസും എക്സൈസും തിരക്കിലായിരിക്കുമെന്നും പരിശോധനകൾ കുറവായിരിക്കുമെന്നും കരുതിയാണ് തൻസീർ ഈ സമയം ലഹരിക്കടത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ എക്സൈസിന്റെ കൃത്യമായ നിരീക്ഷണം പ്രതിയെ കുടുക്കുകയായിരുന്നു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ സംഘത്തിലുള്ള മറ്റുള്ളവർക്കായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ ബിനു, സബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ബിൻസാഗർ തുടങ്ങിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

Related Articles

Back to top button