‘ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക’; അഞ്ജലി നായർക്ക് ട്രോളോട് ട്രോൾ, പിന്നാലെ നടിയുടെ പ്രതികരണം

തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ട്വന്റി-20ക്ക് വേണ്ടി എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച നടി അഞ്ജലി നായർ. തനിക്ക് മണ്ഡലത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നാണ് അഞ്ജലി നായർ ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയത്തിൽ പുതിയ ആളായ തനിക്ക് ഇത്രയും വോട്ടുകൾ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് അഞ്ജലി നായർ പറയുന്നത്. എന്നാൽ തോൽവിക്ക് പിന്നാലെ നിരവധി ട്രോളുകളും അഞ്ജലിയ്ക്ക് നേരെ വരുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ഇത്തരത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നിരിന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജലി നായർ. “നെഗറ്റീവ് ട്രോളുകളൊന്നും കാണാഞ്ഞിട്ടല്ല. എന്നെ ഒരുപാട് പറയുന്നുണ്ട്. ഇതുവരെ കാണിച്ച സ്നേഹത്തിൻറേയും വാത്സല്യത്തിൻറേയും അപ്പുറം പറയുന്ന ഒരുപാട് ട്രോളുകൾ ഞാൻ കാണുന്നുണ്ട്. ട്രോളരുതെന്നൊന്നും ഞാൻ പറയുന്നില്ല. അതൊക്കെ നിങ്ങളുടെ മനസും സമയവും സാഹചര്യത്തിലും വരുന്ന കാര്യങ്ങളൊക്കെ ആണ്. അതൊക്കെ നടക്കട്ടെ. പക്ഷേ നിങ്ങളിൽ ഒരാളാണെന്ന് മനസിലാക്കിയിട്ട് ഉപദ്രവിക്കരുത് എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ”, എന്നായിരുന്നു അഞ്ജലി നായരുടെ പ്രതികരണം.
കോൺഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറയിൽ വിജയിച്ചത്. 18468 ഭൂരിപക്ഷത്തിൽ 70256 വോട്ടുകൾ കോൺഗ്രസ് നേടി. എൽഡിഎഫിന്റെ കെ എൻ ഉണ്ണികൃഷ്ണൻ 51788 വോട്ടുകളും നേടി.
‘ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക’
തൻറെ ചിഹ്നത്തെ കുറിച്ച്, ‘ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക’ എന്നായിരുന്നു അഞ്ജലി പറഞ്ഞത്. എന്നാൽ ഇത് തൻറെ വാക്കുകളെല്ലാന്നാണ് അഞ്ജലി ഇപ്പോൾ പറയുന്നത്. “ഞാനൊരു അമ്പലത്തിൽ പോയപ്പോൾ, നീ വോട്ട് ചോദിക്കുന്നത് അഭിനയിച്ച് കൊണ്ടല്ലേ എന്ന് ഒരു അപ്പൂപ്പൻ എന്നോട് ചോദിച്ച് കളിയാക്കി. അടുത്തിരുന്ന അമ്മൂമ്മ അങ്ങനെ പറയല്ലേന്ന് പറഞ്ഞു. ചിഹ്നം മാറിയതാണോ പ്രശ്നം എന്ന് ഞാൻ ചോദിച്ചപ്പോൾ, എന്താ മോളേ ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക. ഞങ്ങൾക്ക് അറിയാം. ചക്ക പൊളിച്ച് നോക്കിയാൽ താമര പോലെയല്ലേ ഇരിക്കുന്നത്. എന്ന് ആ അമ്മ പറഞ്ഞ വാക്കുകളാണ് ഞാൻ പറഞ്ഞത്. പക്ഷേ അത് ഞാൻ പറഞ്ഞത് പോലെയായി”, എന്ന് അഞ്ജലി പറഞ്ഞത് വലിയ ശ്രദ്ധനേടിയിരുന്നു.
അതേസമയം രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് വന്ന ആളല്ലാത്തതുകൊണ്ട് തന്നെ 30,000 വോട്ട് വളരെ ഭാഗ്യമായിട്ട് തന്നെ ഞാൻ കണക്കാക്കുന്നു. കൂടുതൽ പ്രവർത്തിക്കാനുള്ള ഏരിയകൾ കണ്ടെത്തുക എന്നുള്ളതാണ് ഇനി ശേഷിക്കുന്നത്. എവിടെയാണ് കോട്ടം തട്ടിയിരിക്കുന്നത് എന്ന് നിലവിൽ അറിയില്ല. അത് കണ്ടെത്തി പരിഹരിക്കുമെന്നും അഞ്ജലി നായർ പറയുന്നു.




