ഹിജാബ് ഒഴിവാക്കാനാകാത്ത മതാചാരമല്ല… ഡ്രസ് കോഡ് ലംഘിക്കാൻ വിദ്യാർഥികൾക്ക് അനുവാദമില്ല… ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിശ്ചയിച്ചിരിക്കുന്ന ഡ്രസ് കോഡ് ലംഘിക്കാൻ വിദ്യാർഥികൾക്ക് അവകാശമില്ലെന്ന് അലഹാബാദ് ഹൈക്കോടതി. സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുകന്യ റിസ്വി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഹിജാബ് ഇസ്ലാമിലെ ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് തെളിയിക്കുന്ന വസ്തുതകൾ ഹർജിക്കാരി ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പ്രയാഗ്രാജിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥിനി പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. യൂണിഫോമിനൊപ്പം ഹിജാബും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖേനയാണ് വിദ്യാർഥിനി കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ സ്കൂളിൽ ഹിജാബ് ധരിച്ചിരുന്നുവെന്നും പ്ലസ് വൺ പ്രവേശന സമയത്ത് ഹിജാബ് ഡ്രസ് കോഡിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റ് പ്രവേശനം നിഷേധിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹിജാബും ശിരോവസ്ത്രവും ഇസ്ലാമിക വിശ്വാസപ്രകാരം ഒഴിവാക്കാനാകാത്തതാണെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ, സ്കൂളിലെ വിവിധ ക്ലാസുകളിലെ ചിത്രങ്ങൾ പരിശോധിച്ച കോടതി, ഹർജിക്കാരിയൊഴികെ ഇസ്ലാം മതവിഭാഗത്തിൽപ്പെട്ട കുട്ടികളടക്കം മറ്റാരും ഹിജാബ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഹിജാബ് ഇസ്ലാമിലെ നിർബന്ധിത മതാചാരമാണെന്ന വാദവും കോടതി അംഗീകരിച്ചില്ല.
വിശ്വാസം ഉപേക്ഷിക്കേണ്ടിവരുന്ന തരത്തിൽ ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന നിലപാട് നേരത്തെയും കോടതികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡ്രസ് കോഡ് നീതിയുക്തവും വിവേചനരഹിതവും അച്ചടക്കവും തുല്യതയും ഉറപ്പാക്കുന്നതുമാണെങ്കിൽ, അത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.



