വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം മുടങ്ങില്ല… ഓണത്തിന് കുട്ടികൾക്കായി സർക്കാർ സമ്മാനം

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ സർക്കാർ രണ്ട് ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്കായാണ് പ്രത്യേക തുക അനുവദിച്ചത്. ഓണദിവസങ്ങളിലും സംരക്ഷണ കേന്ദ്രങ്ങളിൽ തുടരുന്ന കുട്ടികൾക്കായി ഓണസദ്യ, ഔട്ടിംഗ്, സിനിമ കാണുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കും. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്.
അതേസമയം, ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1105 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ക്ഷേമനിധി ബോർഡുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപയും അനുവദിച്ചു. 51,59,472 ഗുണഭോക്താക്കളുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. സർക്കാരിന്റെ ധനസഹായത്തോടെ ക്ഷേമനിധി ബോർഡുകൾ പെൻഷൻ നൽകുന്ന 16 ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130.32 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) പ്രകാരമുള്ള വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷൻ ഗുണഭോക്താക്കളായ 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. പെൻഷൻ വിതരണം ഓഗസ്റ്റ് 31നകം പൂർത്തിയാക്കാനാണ് തീരുമാനം. ഒരു മാസം പോലും പെൻഷൻ മുടങ്ങാതെ നൽകണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു.



