സ്റ്റേഷനിൽ ഓണാഘോഷം, മദ്യലഹരിയിൽ പൊലീസുകാർ… മൂന്ന് പൊലീസുകാർക്ക്…

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മദ്യപിച്ച് ലഹരിയിലായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അരുവിക്കര പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച നടന്ന ഓണാഘോഷത്തിനിടെയാണ് സംഭവം. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ മിന്നൽ പരിശോധനയ്ക്കിടെയാണ് പൊലീസുകാരുടെ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടത്.
മേലുദ്യോഗസ്ഥനെ കണ്ടതോടെ പരിഭ്രാന്തരായ പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നെന്നാണ് വിവരം. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയും ചെയ്തു. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയില്ല. മദ്യപിച്ച് ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയെന്ന കണ്ടെത്തലിലാണ് മൂന്ന് പേർക്കുമെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടത്തും.



