തിരഞ്ഞെടുപ്പ് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി… സുതാര്യത ഉറപ്പാക്കാൻ കമ്മീഷനോട് നിർദ്ദേശം…. പ്രത്യേക സുരക്ഷാ ഉത്തരവില്ല

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷയും വ്യാജവോട്ട് തടയലും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പുകൾ പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ അതീവ ജാഗ്രത പുലർത്തണമെന്നും കോടതി നിർദ്ദേശിച്ചു.

സുഗമമായ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കോടതി അംഗീകരിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാദം കോടതി മുഖവിലക്കെടുത്തു. അതിനാൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ പ്രത്യേക ഉത്തരവ് നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

തനിക്ക് നേരെ വധശ്രമത്തിന് സാധ്യതയുണ്ടെന്നും സുരക്ഷ വേണമെന്നുമുള്ള ഗോവിന്ദന്റെ ഹർജിയിലും പ്രത്യേക നിർദ്ദേശം നൽകിയില്ല. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് കോടതി പരിഗണിച്ചു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പോളിങ് ഏജന്റുമാരുമാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് നടപടികൾ നീതിപൂർവ്വമാകണമെന്നും പരാതികൾ ഉണ്ടാകാത്ത വിധം ജാഗ്രത പാലിക്കണമെന്നും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

Related Articles

Back to top button