ഓണം വരുന്നു, സർക്കാർ ജീവനക്കാർക്ക് കൈനിറയെ… ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഓണം അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായി ലഭിക്കും. ഈ തുക അഞ്ച് തുല്യ പ്രതിമാസ ഗഡുക്കളായി തിരിച്ചുപിടിക്കും.
ഓണം അഡ്വാൻസ് വിതരണം ആഗസ്റ്റ് 20 മുതൽ ആരംഭിക്കും. ബോണസ് വിതരണം നാളെ മുതൽ ആരംഭിക്കും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. ആറ് മാസം സേവനം പൂർത്തിയാക്കിയ കരാർ ജീവനക്കാർക്കും ഉത്സവബത്ത ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550 രൂപ ഉത്സവബത്ത ലഭിക്കും. ആശാ വർക്കർമാർ, അംഗൻവാടി ഹെൽപ്പർമാർ, ആയമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 1,450 രൂപ ലഭിക്കും. പാർട്ട് ടൈം ജീവനക്കാർ, സീസണൽ വർക്കർമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 6,000 രൂപ ഓണം അഡ്വാൻസായി ലഭിക്കും. ഓണം അടുത്തിരിക്കെ സർക്കാർ ജീവനക്കാർക്കും വിവിധ വിഭാഗം തൊഴിലാളികൾക്കും ആശ്വാസം നൽകുന്നതാണ് സംസ്ഥാന സർക്കാരിന്റെ പുതിയ ആനുകൂല്യ പ്രഖ്യാപനം.



