15 വർഷം രാഖി കെട്ടിയ ‘സഹോദരനെ’ വിവാഹം ചെയ്തു; മകളുടെ അന്ത്യകർമം നടത്തി കുടുംബം

വീട്ടിൽനിന്ന് ഒളിച്ചോടി കാമുകനെ വിവാഹം കഴിച്ച മകളുടെ പ്രതീകാത്മക അന്ത്യകർമം നടത്തി പിതാവ്. സംഭവത്തിന് പിന്നാലെ കുടുംബം തന്നെ മരിച്ചതായി പ്രഖ്യാപിച്ചതിനെതിരെ യുവതി വീഡിയോ പുറത്തുവിട്ടു. കുടുംബം തന്റെ പേരിൽ പ്രതീകാത്മക അന്ത്യകർമം നടത്തിയെന്നും തന്നെ ഉപദ്രവിച്ചെന്നും ആരോപിച്ചാണ് യുവതി വീഡിയോ പുറത്തുവിട്ടത്.

മകളെ മരിച്ചതായി കണക്കാക്കിയ പിതാവ് ഗണേഷ് പാണ്ഡെ, മകളുടെ ചിത്രത്തിന് മുന്നിൽ പേരിന് മുമ്പിൽ ‘Late’ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. വിവാഹവിവരം അറിഞ്ഞതോടെ കുടുംബം മകളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായാണ് റിപ്പോർട്ട്.

മകൾ വിവാഹം കഴിച്ച യുവാവ് 15 വർഷമായി തനിക്ക് രാഖി കെട്ടിയിരുന്ന, സഹോദരനായി കരുതിയിരുന്നയാളാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഗ്രാമത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പ്രയാഗ്‌രാജിലെ ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ടെലുവാവൻ ഗ്രാമവാസിയായ ഗണേഷ് പാണ്ഡെ ഭാര്യ മൻഷാ പാണ്ഡെയ്ക്കും നാല് മക്കൾക്കുമൊപ്പമാണ് താമസം. രണ്ടാമത്തെ മകളായ നന്ദിനി പാണ്ഡെ (20) അതേ ഗ്രാമത്തിലെ ശശ്വത് ഗുപ്ത (22) എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.

ഗണേഷിന്റെ വീട്ടിൽ ശശ്വത് സ്ഥിരമായി എത്താറുണ്ടായിരുന്നു. ശശ്വതിന്റെ പിതാവ് ഛേദിലാൽ വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്യുന്നത്. ശശ്വത് എൽഎൽബി പഠിക്കുകയാണ്.

നന്ദിനിയും ശശ്വതും നേരത്തെ പരസ്പരം സഹോദരങ്ങളായാണ് കരുതിയിരുന്നത്. കഴിഞ്ഞ 15 വർഷമായി നന്ദിനി ശശ്വതിന് രാഖി കെട്ടിയിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാൽ പിന്നീട് ഇരുവരും പ്രണയത്തിലായെങ്കിലും ഇക്കാര്യം കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നില്ല.

സെപ്റ്റംബർ 20ന് നന്ദിനിയും ശശ്വതും വീട്ടിൽനിന്ന് ഒളിച്ചോടി വിവാഹിതരായി. പരസ്പരം ഇഷ്ടമായിരുന്നതിനാലാണ് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതെന്ന് നന്ദിനി പറഞ്ഞു. തങ്ങളോട് ആരും ഉപദ്രവം നടത്തരുതെന്നും യുവതി അഭ്യർഥിച്ചു.

Related Articles

Back to top button