ഹരിപ്പാട് ദേശീയപാത നവീകരണത്തിൽ കല്ലുകടി….റോഡ് ഇടിഞ്ഞുതാഴ്ന്ന് പിക്കപ്പ് വാൻ കുടുങ്ങി….

ഹരിപ്പാട്: ദേശീയപാത നവീകരണം നടക്കുന്ന താമല്ലാക്കൽ കെ വി ജെട്ടി ജങ്ഷനു സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് പിക്കപ്പ് വാൻ കുടുങ്ങി. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഹരിപ്പാട് ഭാഗത്തേക്ക് വാഴക്കുലയുമായി എത്തിയ വാഹനം സർവീസ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ റോഡ് ഇടിഞ്ഞ് പിൻചക്രം താഴുകയായിരുന്നു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് വാഹനം തള്ളിമാറ്റിയത്. പിന്നീട് കരാർ കമ്പനി ജീവനക്കാരെത്തി വാഹനങ്ങൾ തിരിച്ചുവിട്ടു. കഴിഞ്ഞദിവസം താമല്ലാക്കൽ ജങ്ഷന് തെക്കുവശത്ത് നിർമാണം നടക്കുന്ന റോഡിൽ വെള്ളം കയറി ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.



