കനത്ത മഴ: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം… വൈദ്യുതി പുനഃസ്ഥാപനം…

തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാന വൈദ്യുതി വിതരണ ശൃംഖലയ്ക്ക് ഏകദേശം 25 കോടി രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ആറന്മുള ഉൾപ്പെടെയുള്ള മേഖലകളിൽ വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പത്തനംതിട്ടയിലെത്താൻ വൈകിയിട്ടില്ലെന്നും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തലസ്ഥാനത്ത് കേന്ദ്രീകരിച്ചാണ് ഏകോപിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാർ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഇൻവെസ്റ്റർമാരെ കാണാനാണ് എത്തിയതെന്ന ചോദ്യത്തിന് മന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പത്തനംതിട്ട ജില്ലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഉച്ചയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി റാന്നി ഉൾപ്പെടെയുള്ള ദുരിതബാധിത മേഖലകളിലും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. ഇതിനിടെ, മുഖ്യമന്ത്രിയുടെ സന്ദർശനം വൈകിയെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. ഇത്രയും ദിവസം മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നും, ദുരന്തപ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്നും സിപിഐഎം നേതാക്കൾ വിമർശിച്ചു.

ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം ഇപ്പോഴും രൂക്ഷമായി തുടരുന്നത്. പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ-ചങ്ങനാശേരി എ.സി. റോഡിലും കോട്ടയം എം.സി. റോഡിലെ നാഗമ്പടം ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചെങ്ങന്നൂരിൽ മിത്രമഠം പാലത്തിന് സമീപം വെള്ളക്കെട്ടിൽ വീണ യുവാവ് മരിച്ചു. കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിലും തുടരുകയാണ്.

Related Articles

Back to top button