എൽപിഎസ്ടി സമരം തീർക്കാൻ സർക്കാർ; അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഇളവിന് ആലോചന, മന്ത്രിസഭാ യോ​ഗത്തിന് ശേഷം…

എൽപിഎസ്ടി(ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) ഉദ്യോ​ഗാർഥികളുടെ സമരം തീർക്കാൻ സർക്കാർ. ഉദ്യോ​ഗാർഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോ​ഗത്തിൽ ചർച്ച ചെയ്യും. അനുപാതം കുറക്കൽ അടക്കം പരിഗണിക്കാനാണ് സർക്കാർ ആലോചന. മന്ത്രിസഭാ യോ​ഗത്തിന് ശേഷം സമരക്കാരുമായി ചർച്ച നടത്തും.

ഉദ്യോ​ഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉദ്യോ​ഗാർഥികളുടെ ചില ആവശ്യങ്ങളിലാണ് സർക്കാരിന് മുന്നിൽ തടസ്സങ്ങളുണ്ടായിരുന്നത്. ഇതിൽ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് പ്രധാന പ്രശ്നം. ഇതിൽ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകൾ സർക്കാർ പരി​ഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽ നിന്ന് കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽനിന്നും അഭിപ്രായം തേടും.

ഇളവ് ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രം പരിമിതപ്പെടുത്താൻ ആലോചന. 2017-ൽ ഹൈസ്കൂൾ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ൽനിന്ന് 1:40 ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകൾ എൽപിഎസ്ടിയിലും നൽകാനാണ് ആലോചന. ഈ ഇളവുകൾ നൽകിയാൽ സമരം തീരാനാണ് സാധ്യത.

Related Articles

Back to top button