ചായയുടെ പണം ചോദിച്ചതിന് തട്ടുകടയിൽ ഗുണ്ടാ ആക്രമണം…

മലപ്പുറം: ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതിലുള്ള വിരോധത്തിൽ വയോധികൻ നടത്തുന്ന തട്ടുകടയിൽ അതിക്രമിച്ച് കയറി കട തല്ലിത്തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കാപ്പാ കേസ് പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ സ്വദേശിയായ മരക്കാർകണ്ടി വീട്ടിൽ റബീഹ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം 65 വയസ്സുള്ള വയോധികൻ ഉപജീവനത്തിനായി നടത്തിവന്നിരുന്ന തട്ടുകടയിലാണ് സംഭവം.

ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ പ്രകോപിതനായ റബീഹ് കത്തികാട്ടി വയോധികനെ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങൾ, ഗ്ലാസുകൾ, കസേരകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചുതകർത്തു. സംഭവത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റബീഹ് കാപ്പാ നിയമപ്രകാരം നേരത്തെ നാടുകടത്തപ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Back to top button