സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷവാർത്ത… പവൻ വില ഒരു ലക്ഷത്തിന് താഴെ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ പവൻ വിലയിൽ ഇന്ന് 2,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 255 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 97,720 രൂപയായി താഴ്ന്നു. ഗ്രാമിന് 12,215 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,679 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,259 രൂപയുമാണ് ഇന്നത്തെ നിരക്ക്. മാസങ്ങൾക്കുശേഷമാണ് സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. തുടർച്ചയായ വിലയിടിവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വിവാഹ ആവശ്യങ്ങൾക്കും നിക്ഷേപത്തിനുമായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിലയിലെ മാറ്റങ്ങൾ ഉറ്റുനോക്കുകയാണ്. ഡോളർ കരുത്താർജിക്കുന്നതടക്കമുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് സ്വർണവിലയിലെ മാറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന്. ആഗോള വിപണിയിലെ ചലനങ്ങൾ ഇന്ത്യയിലെ സ്വർണവിലയെയും സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും വലിയ അളവിൽ സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാൽ രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ ആഗോള വിപണിയിൽ വില ഉയർന്നാൽ കേരളത്തിലും അതേ രീതിയിൽ വില ഉയരണമെന്നില്ല. രൂപയുടെ മൂല്യം, ഇറക്കുമതി ചിലവ്, നികുതികൾ, പ്രാദേശിക വിപണിയിലെ സാഹചര്യങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളും കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Related Articles

Back to top button