ആശുപത്രിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന് കേസ്… സുഹൈലിനെ കോൺഗ്രസിൽ നിന്ന്…

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡി.സി.സി. അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പുറത്താക്കി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാൽ സുഹൈലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ എം.എൽ.എ. അറിയിച്ചു. ആനയറയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഇത് പിൻവലിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് സുഹൈലിനെതിരായ പരാതി.

വ്യാജ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയതെന്നും സ്വന്തം പ്രൊഫൈലിലൂടെയും മറ്റും പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. വീഡിയോ പിൻവലിക്കാൻ പണം നൽകാമെന്ന് സമ്മതിച്ച ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആവശ്യപ്പെട്ട പണം കൈപ്പറ്റാനായി സുഹൈൽ ആശുപത്രിയിലെത്തിയപ്പോൾ പേട്ട പൊലീസ് പിടികൂടിയെന്നാണ് വിവരം. കേസിൽ ആകെ അഞ്ച് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. എ.കെ.ജി. സെന്റർ ആക്രമണക്കേസിലും സുഹൈൽ പ്രതിയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതികളടക്കമുള്ളവരുടെ യോഗം വിളിച്ചുചേർത്തതും നേരത്തെ വിവാദമായിരുന്നു. യോഗത്തിൽ കെ. സുധാകരനും പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. സുഹൈലിന്റെ അറസ്റ്റിനു പിന്നാലെയാണ് കോൺഗ്രസ് പാർട്ടി നടപടിയെടുത്തത്.

Back to top button