ലവ്‌ലി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് കേരളഹൗസിൽ…

ന്യൂഡൽഹി: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ സംഘർഷമുണ്ടായതിന് പിന്നാലെ ഡൽഹി കേരളഹൗസിലെത്തിയ ചില മലയാളി വിദ്യാർഥികൾക്ക് സഹായം ലഭിച്ചില്ലെന്ന് പരാതി. കേരളഹൗസ് അധികൃതർ കൈയൊഴിഞ്ഞെന്നാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള ആരോപണം. സർവകലാശാലയിലെ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് സഹായം തേടിയെത്തിയ നാല് വിദ്യാർഥികൾക്ക് ഡൽഹിയിലെ നോർക്ക അധികൃതർ സഹായം നൽകിയില്ലെന്നാണ് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി ആരോപിച്ചത്.

സർക്കാർ ഇടപെട്ടെന്ന വാർത്തകൾ കണ്ടാണ് വിദ്യാർഥികൾ കേരളഹൗസിലെത്തിയതെന്നും ബുധനാഴ്ച നോർക്ക അധികൃതരെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആദർശ് പറഞ്ഞു. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ഇല്ലാത്തതിനാൽ ഒരു ദിവസത്തേക്ക് താമസ സൗകര്യം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും സഹായം തേടിയപ്പോൾ നോർക്ക ഓഫീസർ മുറിയിൽ നിന്ന് ഇറക്കിവിട്ടതായും അദ്ദേഹം ആരോപിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി കേരളത്തിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആദർശ് ആവശ്യപ്പെട്ടു. ലവ്‌ലി സർവകലാശാലയിലെ സാഹചര്യത്തെ തുടർന്ന് ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർഥികൾക്ക് കേരളഹൗസിൽ താമസവും യാത്രാസൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വി. ശിവദാസൻ എം.പി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, ഒരു വ്യക്തി മാത്രമാണ് സഹായം തേടി കേരളഹൗസിലെത്തിയതെന്നും ഇയാൾ വിദ്യാർഥിയാണോ എന്നുപോലും വ്യക്തമായിരുന്നില്ലെന്നും കേരളഹൗസ് അധികൃതർ വിശദീകരിച്ചു. താമസമോ മറ്റ് സൗകര്യങ്ങളോ ആവശ്യപ്പെട്ട് രേഖാമൂലം അപേക്ഷ നൽകിയിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button