തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് മർദ്ദനം… ഡെലിവറി ജീവനക്കാരന്റെ തല അയൺ ബോക്സ് കൊണ്ട് അടിച്ചുപൊട്ടിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ക്രൂരമായ ആക്രമണം. ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപിച്ച് ഉണ്ടായ തർക്കത്തിനൊടുവിൽ ഡെലിവറി ജീവനക്കാരനായ അമ്പൂരി സ്വദേശി ജിതിനെയാണ് ഓർഡർ ചെയ്തയാൾ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിന്റെ തലയിൽ ഏഴ് സ്റ്റിച്ചുകളുണ്ട്. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പേരൂർക്കട പരിധിയിൽ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് ജിതിന് നേരെ അതിക്രമമുണ്ടായത്. ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ അല്പം വൈകിയെന്ന് ആരോപിച്ച് വീട്ടുക്കാരൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. താൻ വൈകിയെത്തിയ അത്രയും സമയം കാത്തുനിൽക്കണമെന്ന് ആവശ്യപ്പെട്ടതായും ഭക്ഷണത്തിന്റെ പണം നൽകില്ലെന്ന് പറഞ്ഞതായും ജിതിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതിനെച്ചൊല്ലി വാക്കുതർക്കം രൂക്ഷമായതോടെ പ്രതി ജിതിനെ മർദ്ദിക്കുകയും കയ്യിലിരുന്ന ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. ചോര വാർന്ന നിലയിൽ ജിതിൻ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ജിതിന്റെ പരാതിയിൽ ഷഹീം എന്നയാൾക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഡെലിവറി ജീവനക്കാരനായ ജിതിനാണ് തന്നെ ആദ്യം മർദ്ദിച്ചതെന്ന് കാണിച്ച് ഷഹീമും പൊലീസിൽ ബദൽ പരാതി നൽകിയിട്ടുണ്ട്. ഇരുപരാതികളിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button