അമ്മയായെന്ന് വെളിപ്പെടുത്തി നടി പത്മപ്രിയ…

തിരുവനന്തപുരം: അമ്മയായ വിവരം പങ്കുവെച്ച് നടി പത്മപ്രിയ. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് പിന്നാലെയാണ് നടി സന്തോഷവാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കുഞ്ഞിക്കൈകളുടെ ചിത്രങ്ങളാണ് പത്മപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ജീവന്റെ 365 ദിവസങ്ങൾ’ എന്ന അടിക്കുറിപ്പിനൊപ്പം ‘കടപ്പാട്’, ‘ഞങ്ങളുടെ കഥ’, ‘കുഞ്ഞുനിമിഷങ്ങൾ’ എന്ന ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടു വലിയ കൈകൾക്കുള്ളിൽ കുഞ്ഞിന്റെ കൈയുള്ള ചിത്രവും, അമ്മയുടെ വസ്ത്രത്തിൽ മുറുകെപ്പിടിച്ചിരിക്കുന്ന കുഞ്ഞിക്കൈയുടെ ചിത്രവും പോസ്റ്റിലുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖമോ, കുഞ്ഞ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന വിവരമോ നടി പങ്കുവെച്ചിട്ടില്ല. അമ്മയാകാൻ ഒരുങ്ങുന്നതോ കുഞ്ഞ് ജനിച്ചതോ സംബന്ധിച്ച വിവരങ്ങൾ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഈ പോസ്റ്റ് പങ്കുവെച്ചതെന്നാണ് വ്യക്തമാകുന്നത്. പങ്കാളിയായ ജാസ്മിൻ ഷായെ ടാഗ് ചെയ്താണ് പത്മപ്രിയ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. അഭിരാമി, റിമാ കല്ലിങ്കൽ, ഭാമ, സോനാ നായർ, സംവൃത സുനിൽ, പാർവതി തിരുവോത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ‘നിന്നെയും കുഞ്ഞിനെയും ഞാൻ സ്‌നേഹിക്കുന്നുവെന്ന് അറിയാമല്ലോ’ എന്ന അഭിരാമിയുടെ കമന്റിന്, ‘ഞങ്ങൾക്കിത് ലഭിക്കാൻ കാരണം നീയും ആറുമാണ്’ എന്നായിരുന്നു പത്മപ്രിയയുടെ മറുപടി.
2014-ലാണ് പത്മപ്രിയ ജാസ്മിൻ ഷായെ വിവാഹം കഴിച്ചത്. ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായുമായി മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിൽ ദക്ഷിണേന്ത്യയുടെ പോളിസി ഹെഡാണ് ജാസ്മിൻ ഷാ. തെലുങ്ക് ചിത്രമായ ‘സീനു വാസന്തി ലക്ഷ്മി’യിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ‘കാഴ്ച’യാണ് ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പത്മപ്രിയ, താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചതുമായി ബന്ധപ്പെട്ടും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.



