13 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ മരിച്ച നിലയിൽ

യുവ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ചെന്നൈയിലെ വാടക വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘ഫൈനാൻസ് വിത്ത് ഹരീഷ്’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും യുട്യൂബിലും സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പങ്കുവച്ചിരുന്ന വി. ഹരീഷ് (27) ആണ് മരിച്ചത്. ഇൻസ്റ്റഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ഹരീഷ്. സംഭവത്തിൽ സ്വകാര്യ കമ്പനി സിഇഒയ്ക്കെതിരെ സൈബർ ഭീഷണി ആരോപണവുമായി പിതാവ് രംഗത്തെത്തി.
സ്വകാര്യ കമ്പനിയുടെ സിഇഒയുടെ ആരോപണങ്ങൾക്കു പിന്നാലെ ഹരീഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പ്രവർത്തനരഹിതമാക്കിയിരുന്നു. തുടർന്ന് പുതിയ അക്കൗണ്ട് ആരംഭിച്ച് വിഡിയോകൾ പ്രസിദ്ധീകരിച്ചുവരികയായിരുന്നു ഹരീഷ്. അക്കൗണ്ട് നഷ്ടപ്പെട്ടതും തുടർന്നുണ്ടായ സംഭവങ്ങളും മകനെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു



