ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ… അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊല്ലം: കടയ്ക്കൽ അയിരക്കുഴിയിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനി വൈഷ്ണവി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വൈഷ്ണവിയെ സ്വന്തം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വൈഷ്ണവിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പഠനത്തിൽ മിടുക്കിയായിരുന്ന വൈഷ്ണവിയുടെ പെട്ടെന്നുള്ള വേർപാട് കുടുംബത്തിനും സഹപാഠികൾക്കും വലിയ ആഘാതമായിരിക്കുകയാണ്. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

Related Articles

Back to top button