വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം DCC പ്രസിഡന്റിന്‍റെ പ്രസ്താവന…എം കെ രാഘവൻ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച കോണ്‍ഗ്രസിലെ ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി എം കെ രാഘവന്‍ എംപി. എല്ലാം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്നിരിക്കെ തെരുവില്‍ വലിച്ചിഴക്കേണ്ട അവസ്ഥയായെന്ന് എം കെ രാഘവന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് മുമ്പിലുണ്ടാകുമ്പോള്‍ എന്തിനാണ് ഇത്തരം അനാവശ്യ ചര്‍ച്ചകള്‍. ഇതിലൊന്നും കാര്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കളങ്കം ഏല്‍ക്കുന്ന രീതിയിലുള്ള ചര്‍ച്ച വന്നുകഴിഞ്ഞു. അംഗീകരിക്കാന്‍ കഴിയില്ല. ഇതിനൊക്കെ ഒരു കീഴ്‌വഴക്കം ഉണ്ട്. നടപടിക്രമത്തിന് മുമ്പായി ചര്‍ച്ചകള്‍ വരുന്നത് ശരിയല്ലയെന്നും എം കെ രാഘവന്‍ ആവര്‍ത്തിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും എം കെ രാഘവന്‍ രംഗത്തെത്തി. ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയാണെന്നും എന്ത് അര്‍ഹതയാണ് അയാള്‍ക്കുള്ളതെന്നും എം കെ രാഘവന്‍ തുറന്നടിച്ചു. ‘മുഖ്യമന്ത്രി ചര്‍ച്ച ആദ്യം ആരംഭിച്ചത് എറണാകുളത്ത് നിന്നാണ്. ഡിസിസി പ്രസിഡന്റാണ് ആദ്യം പറഞ്ഞത്. എന്ത് അര്‍ഹതയാണ് അയാള്‍ക്കുള്ളത്. അപക്വമായ നടപടി. ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് അയാളുടെ പ്രസ്താവനയാണ്. അതെങ്ങനെ വന്നു. ഒരിക്കലും വരാന്‍ പാടില്ലാത്ത പ്രസ്താവനയാണ് വന്നത്. പിന്നാലെയാണ് സൈബര്‍ ഇടങ്ങളില്‍ പലതും വന്നത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഈ പോക്ക്’, എം കെ രാഘവന്‍ പറഞ്ഞു. വി ഡി സതീശന്റെ അറിവോടെയാണ് അത്തരമൊരു പ്രസ്താവന വന്നതെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തോട് തനിക്ക് അറിയില്ലെന്നും വി ഡി സതീശന്‍ അങ്ങനെ അബദ്ധം പറയുന്ന ആളാണെന്ന് തോന്നുന്നില്ലായെന്നും എം കെ രാഘവൻ പറഞ്ഞു.



