പിണറായിയുടെ വീടുകളിൽ ഇഡി കയറിയിട്ട് 6 മണിക്കൂർ… വേട്ടയാടലല്ല, ഇത് ഹൈക്കോടതി ഉത്തരവെന്ന് വി. മുരളീധരൻ

സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കള്ളപ്പണക്കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലടക്കം സംസ്ഥാനത്ത് പന്ത്രണ്ടിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ മിന്നൽ പരിശോധന തുടരുന്നു. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ഇ.ഡി റെയ്ഡ് ആറ് മണിക്കൂർ പിന്നിട്ടു കഴിഞ്ഞു. കേസ് അന്വേഷണത്തിന് യാതൊരു തടസ്സവുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ ഈ നിർണ്ണായക നീക്കം.

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടലാണെന്ന സി.പി.ഐ.എം ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ബി.ജെ.പി നേതാവും എം.എ.ൽ.എയുമായ വി. മുരളീധരൻ പ്രതികരിച്ചത്. 2017-2020 കാലയളവിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്നും പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ കമ്പനിയായ എക്സാലോജിക്കിനും ₹1.72 കോടി ലഭിച്ചുവെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് ഈ കള്ളപ്പണക്കേസിന് ആധാരം. യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് ഈ വൻ തുക വീണയ്ക്ക് കൈമാറിയതെന്നും, സംസ്ഥാനത്തെ ഒരു ഉന്നത രാഷ്ട്രീയ വ്യക്തിത്വവുമായുള്ള ബന്ധം പരിഗണിച്ചാണ് കമ്പനി ഈ പണം നൽകിയതെന്നുമുള്ള ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ പിന്നീട് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിമാറുകയായിരുന്നു. ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ച ശേഷമുള്ള ഇ.ഡിയുടെ ഇന്നത്തെ മിന്നൽ പരിശോധനയോടെ കേസ് വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.

Related Articles

Back to top button