ചന്ദ്രനിൽ വച്ച് പരിക്കേറ്റാൽ?

നാല് പതിറ്റാണ്ടിലേറെയായി, ബഹിരാകാശ യാത്രയിൽ ഉപയോഗിക്കുന്ന ഏക വിശ്വസനീയമായ മെഡിക്കൽ ഇമേജിംഗ് രീതി അൾട്രാസൗണ്ട് ആയിരുന്നു. ബഹിരാകാശ യാത്രാ ദൗത്യങ്ങളുടെ ദൈർഘ്യവും ദൂരവും വർദ്ധിക്കുകയും പ്രതികൂല മെഡിക്കൽ സംഭവങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ, അൾട്രാസൗണ്ടിന്റെ പരിമിതികൾ സ്വീകാര്യമല്ലാതായി മാറിയിരിക്കുന്നു. എന്നത് ഇപ്പോൾ ബഹിരാകാശത്ത് ആദ്യമായി മനുഷ്യരുടെയും ഉപകരണങ്ങളുടെയും എക്സ്-റേ പകർത്തി പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ശാസ്ത്രലോകം.
ചന്ദ്രനിലേക്കും അതിനപ്പുറമുള്ള ദീർഘകാല മനുഷ്യ ദൗത്യങ്ങളിലേക്കും ഒരുങ്ങുന്ന സാഹചര്യത്തിൽ, ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യപരിരക്ഷയിൽ നിർണായക മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ചെറുകിട പോർട്ടബിൾ എക്സ്-റേ സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയായത്.
ഈ പുതിയ എക്സ്-റേ പരീക്ഷണത്തിന്റെ കണ്ടെത്തലുകൾ ജൂലൈ 14-ന് റേഡിയോളജി എന്ന ശാസ്ത്ര ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ബഹിരാകാശ ആരോഗ്യപരിരക്ഷയിൽ നിന്ന് ഭൂമിയിലെ ഗ്രാമീണ ചികിത്സയിലേക്ക് വരെ വ്യാപിക്കുന്ന പുതിയ സാധ്യതകളാണ് ഈ പരീക്ഷണം തുറന്നിടുന്നത്.
ഇതുവരെ ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യപരിശോധനയ്ക്കായി പ്രധാനമായും അൾട്രാസൗണ്ട് സംവിധാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ശബ്ദതരംഗങ്ങൾ കടന്നുപോകാൻ ഒരു മാധ്യമം ആവശ്യമായതിനാൽ അൾട്രാസൗണ്ടിന് ചില പരിമിതികളുണ്ട്. മറിച്ച്, ശൂന്യാകാശത്തും പ്രവർത്തിക്കാൻ കഴിയുന്ന എക്സ്-റേ സാങ്കേതികവിദ്യ ഗുരുതര പരിക്കുകൾ കണ്ടെത്തുന്നതിൽ കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗത എക്സ്-റേ യന്ത്രങ്ങൾ വലിപ്പമേറിയതും കൂടുതൽ വൈദ്യുതി ആവശ്യപ്പെടുന്നതുമായിരുന്നു. വിക്ഷേപണത്തിലെ ശക്തമായ പ്രകമ്പനങ്ങൾ അതിന്റെ പ്രവർത്തനത്തെ ബാധിക്കാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ സാങ്കേതികവിദ്യയിലെ പുരോഗതിയോടെ ചെറിയതും കൊണ്ടുനടക്കാവുന്നതുമായ എക്സ്-റേ ഉപകരണങ്ങൾ ആണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്.
2025 മാർച്ച് 31-ന് വിക്ഷേപിച്ച സ്വകാര്യ ബഹിരാകാശ ദൗത്യമായ ഫ്രാം2 (Fram2) ആണ് ഈ സാങ്കേതികവിദ്യ പരീക്ഷിക്കാൻ വേദിയായത്. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ ഭൂമിയെ ചുറ്റിയ നാലംഗ സംഘമാണ് പരീക്ഷണം നടത്തിയത്. വൈദ്യശാസ്ത്ര വിദഗ്ധരല്ലാത്ത യാത്രികർക്ക് വിക്ഷേപണത്തിന് മുമ്പ് നാല് മണിക്കൂർ പരിശീലനം നൽകിയിരുന്നു.
തുടർന്ന് ഭ്രമണപഥത്തിൽ വെച്ച് കൈ, വയർ, അരക്കെട്ട്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളുടെ എക്സ്-റേ ചിത്രങ്ങൾ പകർത്തി. ഭൂമിയിലെ മൂന്ന് സ്വതന്ത്ര മെഡിക്കൽ വിദഗ്ധർ ഈ ചിത്രങ്ങൾ പരിശോധിച്ചു. ഭൂമിയിൽ എടുത്ത എക്സ്-റേകളുടെ നിലവാരം കൂടുതൽ മികച്ചതായിരുന്നെങ്കിലും ബഹിരാകാശത്ത് പകർത്തിയ ചിത്രങ്ങളും അസ്ഥി ഒടിവുകൾ പോലുള്ള പരിക്കുകൾ കണ്ടെത്താൻ മതിയായ നിലവാരമുള്ളതാണെന്ന് കണ്ടെത്തി.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി മനുഷ്യ ദൗത്യങ്ങളിൽ ഭൂമിയിൽ നിന്ന് തത്സമയ മെഡിക്കൽ സഹായം ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്ക് സ്വയം ആരോഗ്യപരിശോധന നടത്താൻ കഴിയുന്ന സംവിധാനങ്ങൾ നിർണായകമാകും. എക്സ്-റേ സാങ്കേതികവിദ്യ മനുഷ്യരുടെ ആരോഗ്യപരിശോധനയ്ക്ക് മാത്രമല്ല, ബഹിരാകാശ ഉപകരണങ്ങളിലെ തകരാറുകൾ കണ്ടെത്താനും ഉപയോഗിക്കാനാകും. ബഹിരാകാശ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവ പരിശോധിക്കുന്നതിനും ഭാവിയിൽ ചന്ദ്ര റോവറുകളിൽ ഘടിപ്പിച്ച് ചന്ദ്രോപരിതല പഠനത്തിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം.
ബഹിരാകാശത്ത് പരീക്ഷിച്ച ഈ ചെറുകിട എക്സ്-റേ സംവിധാനം ഭൂമിയിലെ ആരോഗ്യരംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വലിയ ആശുപത്രികളിൽ നിന്ന് അകലെയുള്ള വിദൂര ഗ്രാമപ്രദേശങ്ങളിലും ദുരന്തബാധിത മേഖലകളിലും വേഗത്തിൽ രോഗനിർണയം നടത്താൻ ഇത്തരം ഉപകരണങ്ങൾ സഹായിക്കും.
സൗരോർജത്തിൽ പോലും പ്രവർത്തിപ്പിക്കാവുന്നതും വിദഗ്ധ പരിശീലനം കുറഞ്ഞവർക്കും ഉപയോഗിക്കാവുന്നതുമായ പോർട്ടബിൾ എക്സ്-റേ സംവിധാനങ്ങൾ ആഗോള പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.




