ശ്രീധരന്‍റെ അതിവേഗ ബദൽ പാതക്ക് സതീശൻ സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് സൂചന, ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തത്. അതിവേഗ റെയിൽപാതയ്ക്കായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാൽ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരമുളള അതിവേഗ റെയിൽ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. ചർച്ചയുടെ ഭാഗമായി പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പൊന്നാനി എം എൽ എ കെ പി നൗഷാദ് അലിയും പങ്കെടുത്ത ഈ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തുടർചർച്ചകൾ നടത്താൻ തീരുമാനമായിട്ടുണ്ട്. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിൽ സിൽവർ ലെയിനിന് ബദലായുള്ള ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം 2 ആഴ്ചക്കുള്ളിൽ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ നൽകിയ മറുപടി.

Related Articles

Back to top button