കറന്റ് പോയപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പിൽ സർക്കാരിനെ വിമർശിച്ചു, മുഖ്യമന്ത്രിയെ പരിഹസിച്ച് പോസ്റ്റ്.. പിന്നാലെ…

വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുകയും ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തെന്ന പരാതിയിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്കെതിരേ അന്വേഷണം. ഒരു ഉദ്യോഗസ്ഥയ്ക്കും മറ്റ് രണ്ട് ജീവനക്കാർക്കുമെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ വകുപ്പുതല നടപടി വേണമോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ സംഘം ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചും ജീവനക്കാർ സംസാരിക്കുന്നത് പതിവാണെന്നും സർക്കാർ വിരുദ്ധവും അപകീർത്തികരവുമായ പോസ്റ്റുകൾ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചെന്നുമാണ് പരാതിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതായും പരാതിയിൽ പറയുന്നു.

‘ഡി.ഇ.ഒ. ഇ.കെ.എം. ഓഫീഷ്യൽ’ എന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിന്റെ പകർപ്പും പരാതിക്കാരൻ തെളിവായി നൽകിയിട്ടുണ്ട്. പോസ്റ്റുകൾ പങ്കുവെച്ച രണ്ട് ജീവനക്കാർക്കെതിരേ നടപടിയെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഓഫീസ് ഉദ്യോഗസ്ഥ സ്വീകരിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.

Related Articles

Back to top button