ലഹരി മാഫിയയെ നിലയ്ക്ക് നിർത്തും… ‘തൂഫാനായി’ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്

പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം നിലവിൽ പൊലീസിന്റെ കൈവശമുണ്ടെന്നും, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പെരുമ്പാവൂരില്‍ നടന്ന ലഹരിവിരുദ്ധ റാലിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

അതിഥി തൊഴിലാളികളെ മറയാക്കിയും അവരെ ലക്ഷ്യമിട്ടും ലഹരി മാഫിയ കേരളത്തില്‍ വലിയൊരു ബിസിനസ് ശൃംഖലയായി മാറിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പുറത്തുനിന്ന് കേരളത്തില്‍ വന്ന് ലഹരി മാഫിയയ്ക്ക് മാത്രമായി സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കേരളത്തിന്റെ പലഭാഗത്തും ഇത് ആകര്‍ഷകമായൊരു വ്യവസായമാണെന്ന് കണ്ടെത്തിക്കൊണ്ട് നാട്ടിലെ പല മാന്യന്മാരും ഈ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാനക്കാരെ മറയാക്കി ലഹരി വില്‍പന നടത്തുന്ന മലയാളികളും ഇതിന് പിന്നിലുണ്ട്.

തൂഫാന്‍ അഞ്ഞടിച്ചപ്പോള്‍ സംസ്ഥാനത്ത് 5000-ത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൂഫാൻ എന്നത് ഒരു ചരിത്രമാണ്. ഇതിന്റെ തുടർച്ചയായി കേരളം, കര്‍ണാടക, പുതുചേരി, തമിഴ്‌നാട്, തെലങ്കാന ഡിജിപിമാരുടെ സംയുക്ത യോഗം ഉടന്‍ തന്നെ വിളിച്ചുചേർക്കും. ലഹരി മാഫിയയെ പൂർണ്ണമായും നിലയ്ക്ക് നിര്‍ത്തുമെന്നും കേരളത്തിന്റെ തെരുവുകളിലൂടെ അമ്മ പെങ്ങന്മാര്‍ക്ക് സുഗമമായി നടക്കാനുള്ള അവസരം ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഗുണ്ടകളെയും ലഹരിമാഫിയയെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സർക്കാരാണ് കേരളത്തില്‍ ഉള്ളത്. ഒരു കാരവാനിലും ലഹരി ഉപയോഗം അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായി വ്യക്തമാക്കി. ‘തൂഫാൻ’ പദ്ധതി പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button