ബേക്കറിയിൽ യുവാക്കളുടെ കൂട്ടത്തല്ല്, കസേരയെടുത്ത് പരസ്പരം തല്ലി യുവാക്കൾ, വലിയ നാശനഷ്ടം

കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ ഏറ്റുമുട്ടി. കൊല്ലം പുനലൂരിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യം ആണ് ഇങ്ങനെയൊരു സംഘർഷത്തിന് കാരണം. ബേക്കറിക്ക് പുറത്തുവച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തും ഉണ്ടായത്. രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടി കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചു പൊട്ടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങളടക്കം തെളിവാക്കി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പുനലൂർ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.




