മൂഴിക്കലിലെ ഇരട്ട മരണം….. സ്വഭാവദൂഷ്യം ചോദ്യം ചെയ്തു… പിന്നാലെ ക്രൂരകൃത്യം….. നസ്രിനയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരി നസ്രിന കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ബന്ധുവായ യുവാവ് അദ്നാൻ, നസ്രിനയെ കിടപ്പുമുറിയിൽ വെച്ച് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മറ്റൊരു മുറിയിൽ അദ്നാനെയും മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ നസ്രിനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവസമയം പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു. നസ്രിനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസ്രിനയുടെ മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ അദ്നാൻ ശ്രമിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അദ്നാൻ നസ്രിനയുടെ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്. എന്നാൽ അദ്നാന്റെ സ്വഭാവദൂഷ്യത്തെ നസ്രിന ചോദ്യം ചെയ്തിരുന്നതായും, വീട്ടിൽ നിന്ന് അദ്നാൻ പണം മോഷ്ടിച്ചതിനെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായും പറയപ്പെടുന്നു. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുത്ത കാലത്തായി നസ്രിനയുടെ കുടുംബവുമായി അദ്നാൻ അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
നസ്രിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് വീട്ടുകാർ അദ്നാനെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നു. എന്നാൽ ഇവർ മടങ്ങിയെത്തിയപ്പോൾ അദ്നാനെ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്നാന്റെ മരണം ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



