വട്ടിയൂർക്കാവിൽ പ്രവചന മത്സരം… മുരളീധരന്റെ ഭൂരിപക്ഷം പറഞ്ഞാൽ 5001 രൂപ സമ്മാനം… ആത്മവിശ്വാസത്തിൽ വി.കെ പ്രശാന്തും

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ വിജയത്തിൽ ഉറച്ചുനിൽക്കുന്ന തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ, അദ്ദേഹത്തിന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ചു. ഫൗണ്ടേഷൻ ചെയർമാൻ കാച്ചാണി സനിലാണ് ഈ കൗതുകകരമായ പ്രഖ്യാപനം നടത്തിയത്.ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ യുഡിഎഫിനായി കെ. മുരളീധരനും എൽഡിഎഫിനായി വി.കെ. പ്രശാന്തും എൻഡിഎയ്ക്കായി ആർ. ശ്രീലേഖയുമാണ് മാറ്റുരച്ചത്. യുഡിഎഫ് ക്യാമ്പ് വലിയ വിജയപ്രതീക്ഷ പുലർത്തുമ്പോഴാണ് ഇത്തരമൊരു പ്രവചന മത്സരം ആരാധകർക്കിടയിൽ ആവേശം നിറയ്ക്കുന്നത്. രാഷ്ട്രീയ ബലാബലത്തിന് പുറമെ, സിറ്റിങ് എംഎൽഎ എന്ന നിലയിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് പ്രശാന്ത് അവകാശപ്പെട്ടു. മണ്ഡലത്തിൽ ബിജെപി നിശബ്ദമായിരുന്നുവെന്നും എൻഡിഎയ്ക്ക് പോകേണ്ട വോട്ടുകൾ വികസനത്തിന്റെ പേരിൽ തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുരളീധരൻ മന്ത്രിയാകുമെന്ന പ്രചാരണത്തിന് പ്രസക്തിയില്ല. മുൻപ് മന്ത്രിയായിരുന്നിട്ടും മത്സരിച്ച് തോറ്റ ചരിത്രം അദ്ദേഹത്തിനുണ്ടെന്ന് പ്രശാന്ത് പരിഹസിച്ചു.വികസനത്തുടർച്ച വോട്ടർമാർ അംഗീകരിക്കുമോ അതോ യുഡിഎഫിന്റെ രാഷ്ട്രീയ കരുത്ത് മണ്ഡലം തിരിച്ചുപിടിക്കുമോ എന്ന ആകാംക്ഷയിലാണ് വട്ടിയൂർക്കാവ്. ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

Related Articles

Back to top button