കോവിഡ് കാലത്ത് തിരു: മെഡിക്കൽ കോളേജിൽ ലക്ഷങ്ങളുടെ തട്ടിപ്പ്…..

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോടികളുടെ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. 2019-2020 കാലയളവിലെ ഇടപാടുകളിൽ 46 ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാതെ ദുരുപയോഗം ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ ഇടപാടുകളിലാണ് അടിമുടി ക്രമക്കേട് നടന്നിരിക്കുന്നത്. ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് വെളിച്ചത്തായത്.

എം.ആർ.ഐ, സി.ടി സ്കാൻ തുടങ്ങിയ പ്രധാന ലാബുകളിൽ നിന്നും രോഗികളിൽ നിന്ന് ഈടാക്കിയ തുകയാണ് ബാങ്കുകളിൽ അടയ്ക്കാതെ തട്ടിയെടുത്തത്. ഈ 46 ലക്ഷം രൂപ ഓഫീസ് ലെഡ്ജർ ബുക്കിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, കരാറുകാർക്ക് നൽകിയ തുകയിൽ നിന്ന് വലിയ രീതിയിൽ നികുതി വെട്ടിച്ചതായും, കരാർ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിൽ വൻ ക്രമക്കേടുകൾ കാട്ടിയതായും ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിന്റെ വ്യാപ്തി ബോധ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിഷയത്തിൽ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ്. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സിറ്റി പോലീസിന് ഔദ്യോഗികമായി പരാതി നൽകും. പരാതി ലഭിക്കുന്ന മുറയ്ക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കും. സർക്കാർ പണം കവർന്ന കേസ് ആയതിനാൽ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് ഇതിനെ കാണുന്നത്. വരും ദിവസങ്ങളിൽ കേസ് കൂടുതൽ വിപുലമായ വിജിലൻസ് അന്വേഷണത്തിലേക്ക് കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ ആലോചന. കോവിഡ് കാലത്തെ ജനങ്ങളുടെ ദുരിതത്തിനിടയിൽ നടന്ന ഈ വൻ കൊള്ളയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Back to top button