കാസർകോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ദുരൂഹത….

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. കടലിൽ നിന്ന് ഒഴുകി കരയ്ക്കടിഞ്ഞ മൃതദേഹം നേരത്തെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കിയതാണെന്ന കണ്ടെത്തലാണ് പോലീസിനെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. മൃതദേഹത്തിൽ കണ്ടെത്തിയ കൃത്യമായ മുറിവുകൾ മുൻപ് പോസ്റ്റ്‌മോർട്ടം നടത്തിയതിന്റെ ഭാഗമായുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

എന്നാൽ, ഇത് കേരളത്തിൽ വെച്ച് പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. അതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നോ മറ്റോ കടലിൽ ഉപേക്ഷിക്കപ്പെട്ടതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിലായതിനാൽ പ്രായം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ ആദ്യമായി ഈ മൃതദേഹം കാണുന്നത്. ഏകദേശം ഒരു മാസത്തോളം പഴക്കമുള്ള ഒരു പുരുഷന്റെ മൃതദേഹമാണിതെന്നാണ് കരുതുന്നത്. തലയില്ലാത്ത നിലയിലായിരുന്ന മൃതദേഹത്തിന്റെ കാലുകളിലെ മാംസഭാഗങ്ങളും വേർപെട്ട അവസ്ഥയിലായിരുന്നു. അസ്ഥികൾ പലതും പുറത്തേക്ക് തള്ളിയ നിലയിലാണ് കണ്ടെത്തിയത്.

മറ്റെവിടെയെങ്കിലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം അടക്കം ചെയ്ത മൃതദേഹം കനത്ത തിരമാലകളിൽപ്പെട്ട് മണ്ണൊലിച്ച് കടലിലേക്ക് ഒഴുകിയെത്തിയതാണോ അതോ ബോധപൂർവ്വം ആരെങ്കിലും കടലിൽ തള്ളിയതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. ദുരൂഹതകൾ നീക്കുന്നതിനായി കാസർകോട് പോലീസ് വിപുലമായ അന്വേഷണമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.

Related Articles

Back to top button