ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളുണ്ടെന്ന് ഓർക്കണം, വഴിനടക്കാൻ സമ്മതിക്കില്ല….

കഞ്ഞിക്കുഴി മേഖലയിലെ വനംവകുപ്പിന്റെ കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കടുത്ത ഭീഷണിയും അധിക്ഷേപവുമായി സി.പി.എം. മുതിർന്ന നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ വനംവകുപ്പ് വിരുദ്ധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു എം.എം. മണിയുടെ വിവാദ പ്രസ്താവന. മര്യാദകേട് കാണിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും, അത്തരം ഉദ്യോഗസ്ഥർക്ക് വഴിയിലൂടെ നടക്കാൻ കഴിയില്ലെന്നും മണി പരസ്യമായി വെല്ലുവിളിച്ചു.

പ്രസംഗത്തിനിടെ ഉദ്യോഗസ്ഥരുടെ കുടുംബത്തെപ്പോലും പരാമർശിച്ചായിരുന്നു മണിയുടെ ഭീഷണി. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് താൻ പ്രത്യേകം പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’, എം.എം. മണി കൂട്ടിച്ചേർത്തു. ജനങ്ങൾ താമസിക്കുന്ന സ്ഥലം 150 വർഷം മുൻപ് വനമായിരുന്നു എന്ന് പറയുന്ന വനപാലകരുടെ വാദങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മണി വ്യക്തമാക്കി. കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ, പുഴയോരത്തോ, ജനങ്ങൾ താമസിക്കുന്നിടത്തോ ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ ജനങ്ങളെ അണിനിരത്തി അവിടെവെച്ച് നേരിടേണ്ടിവരും. അത്തരം സാഹചര്യമുണ്ടായാൽ പിന്നെ ‘നിയമം മണ്ണാങ്കട്ട’ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും, അത്തരമൊരു അന്തരീക്ഷം ഉദ്യോഗസ്ഥർ ഉണ്ടാക്കരുതെന്നും മണി മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും പ്രസംഗത്തിൽ മണി രൂക്ഷവിമർശനം ഉന്നയിച്ചു. വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും, ‘ഉമ്മാക്കി’ കാട്ടി തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് തങ്ങൾക്കുള്ളത്. മാധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങൾ കടത്തി പറയുന്നില്ലെന്നും, അനാവശ്യമായ പണികൾക്ക് ഉദ്യോഗസ്ഥർ മുതിരരുതെന്നും മണി പറഞ്ഞു. വനംവകുപ്പിന്റെ ഇത്തരം നീക്കങ്ങൾ തുടർന്നാൽ ഹൈറേഞ്ചിലെ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താൻ തങ്ങൾ മടിക്കില്ലെന്ന് വ്യക്തമാക്കിയാണ് എം.എം. മണി പ്രസംഗം അവസാനിപ്പിച്ചത്.

Related Articles

Back to top button