മെട്രോ സ്‌റ്റേഷനിലെ മഞ്ഞവരയില്‍ ചവിട്ടല്ലേ….ഇനി വിസിലൂതില്ല, അലാം മുഴങ്ങും

കൊച്ചി: മെട്രോ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയില്‍ ചവിട്ടിയാല്‍ ഇനി വിസിലിന് പകരം അലാം മുഴങ്ങും. പ്ലാറ്റ്‌ഫോമിലെ മഞ്ഞവര കടക്കാന്‍ പാടില്ലെന്നാണ് നിയമം. ട്രെയിനില്‍ കയറാനോ ഇറങ്ങാനോ വേണ്ടി മാത്രമേ മഞ്ഞവര കടക്കാന്‍ പാടുള്ളൂ. അല്ലാതെ കടന്നാല്‍ വിസിലൂതി സെക്യൂരിറ്റി ഗാര്‍ഡ് അടുത്തേക്ക് വരും.

പരമ്പരാഗത രീതി പരിഷ്‌കരിക്കാന്‍ കെഎംആര്‍എല്‍ സ്വന്തമായി സംവിധാനം വികസിപ്പിച്ചെടുത്തു. പേര് പ്ലാറ്റ്‌ഫോം യെല്ലോ ലൈന്‍ ക്രോസിങ് ഡിറ്റക്ഷന്‍ ആന്റ് വാണിങ് സിസ്റ്റം. പേരു പോലെ അത്ര നീളമുള്ളതല്ല ടെക്‌നോളജി.

പ്ലാറ്റ്‌ഫോമിന്റെ രണ്ട് അറ്റങ്ങളിലും ഇന്‍ഫ്രാറെഡ് കിരണങ്ങളുടെ രണ്ടു ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മഞ്ഞ വരയ്ക്ക് സമാന്തരമായി ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉണ്ട്. ഇത് തടസ്സപ്പെട്ടാല്‍ ഉടന്‍ സൈറണ്‍ മുഴങ്ങും. ലൈന്‍ ക്രോസ് ചെയ്യുമ്പോഴാണ് ഇന്‍ഫ്രാറെഡ് രശ്മികള്‍ തടസ്സപ്പെടുന്നത്.

ഏറ്റവും തിരക്കുള്ള ഇടപ്പള്ളി സ്റ്റേഷനില്‍ ഇത് സ്ഥാപിച്ച് രണ്ടു വര്‍ഷമായി. അവിടെ വിജയമെന്ന് കണ്ടതിനാല്‍ കലൂര്‍ സ്റ്റേഡിയം സ്റ്റേഷനിലും ഇപ്പോള്‍ നടപ്പാക്കി. 10 സ്റ്റേഷനുകളില്‍ കൂടി നടപ്പാക്കാന്‍ ആലോചനയുണ്ട്. പുതിയ സംവിധാനം നടപ്പാക്കിയാലും സെക്യൂരിറ്റി ഗാര്‍ഡുകളുടെ നിരീക്ഷണം തുടരും.

Related Articles

Back to top button