‘അയോഗ്യന്മാരുടെ കേന്ദ്രമാക്കരുത്….യോഗ്യത അളന്നാൽ എന്നെ മാറ്റിനിർത്താനാകില്ല’… രാജ്മോഹൻ ഉണ്ണിത്താൻ എംപി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവിയിലേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ജാതി സമവാക്യങ്ങളും ഗ്രൂപ്പ് താല്പര്യങ്ങളും നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത ഹൈക്കമാൻഡ് അവസാനിപ്പിക്കണമെന്നും, 1978 മുതലുള്ള തന്റെ നീണ്ടകാലത്തെ പ്രവർത്തന പാരമ്പര്യം പാർട്ടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കമാൻഡ് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ തകർത്തത് അമിതമായ ഗ്രൂപ്പ് മത്സരങ്ങളാണെന്ന് ഉണ്ണിത്താൻ തുറന്നടിച്ചു. താൻ ഒരുകാലത്ത് കെ. കരുണാകരൻ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവായിരുന്നുവെന്നും, ഈ ഗ്രൂപ്പുകൾ ആർക്കുവേണ്ടിയാണെന്നും എന്തിനാണെന്നും തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ ഉയർന്നുവന്നിട്ടുള്ള പേരുകളിൽ പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും ആരാണ് യോഗ്യനെന്ന് അളവുകോൽ വെച്ച് അളക്കണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. അങ്ങനെ അളന്നാൽ ആ സ്ഥാനത്ത് നിന്നും തന്നെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും, തനിക്ക് ഇപ്പോൾ ഒരു ഗ്രൂപ്പിന്റെയും പരിഗണന ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണത്തെ കെപിസിസി പ്രസിഡന്റ് നിർണ്ണയത്തിൽ ജാതി സമവാക്യങ്ങൾ പൂർണ്ണമായി ഒഴിച്ചുനിർത്തി യോഗ്യത മാത്രം മാനദണ്ഡമാക്കണമെന്നാണ് തനിക്ക് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനുള്ളത്. നിലവിൽ നേരിട്ട് ഒരു നേതാവിനോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. എന്നാൽ, യോഗ്യത നോക്കാതെ വെറും ജാതിസമവാക്യത്തിന്റെ പേരിൽ മാത്രമാണ് പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നതെങ്കിൽ താൻ ശക്തമായി പ്രതികരിക്കുമെന്നും, അയോഗ്യന്മാരുടെ കേന്ദ്രമാക്കി കെപിസിസി അധ്യക്ഷസ്ഥാനത്തെ മാറ്റാൻ അനുവദിക്കില്ലെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.



