പള്ളി സെമിത്തേരിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം… 12 വർഷം മുൻപ് കാണാതായ….

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. കണ്ണൂർ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെയാണ്, അത് സിജോയുടേതാണോ എന്ന് സംശയിച്ച് കുടുംബം രംഗത്തെത്തിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

കുടുംബം പറയുന്നതനുസരിച്ച്, 2014-ൽ പിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് സിജോ സ്കറിയ ഭാര്യയെയും മകനെയും കൂട്ടി കണ്ണൂർ കരിക്കോട്ടക്കരി വാണിയപ്പാറയിലുള്ള ഭാര്യവീട്ടിലേക്ക് പോകുന്നത്. അതിനുശേഷം സിജോയെക്കുറിച്ച് വിലങ്ങാടുള്ള ബന്ധുക്കൾക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് 2020-ൽ വിലങ്ങാടുള്ള ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. മൂന്ന് വർഷം മുൻപ് (ഏകദേശം 2017-ൽ) ഭാര്യവീട്ടിൽ വെച്ച് വാക്കേറ്റമുണ്ടായെന്നും, തുടർന്ന് കടയിലേക്ക് പോകുന്നതായി പറഞ്ഞ് ഇറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് ഭാര്യവീട്ടുകാർ അറിയിച്ചത്. ഇതേക്കുറിച്ച് മുൻപ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കണ്ണൂർ വാണിയപ്പാറ ഉണ്ണിയീശോ പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സിജോയുടെ കുടുംബത്തിന് സംശയം ബലപ്പെട്ടത്. സിജോയെ കാണാതായത് ഇതേ പ്രദേശത്തുനിന്നായതിനാൽ, കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് സിജോയുടെ ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പള്ളിയിലെ കല്ലറയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങിയാൽ മാത്രമേ സിജോയുടെ തിരോധാനത്തിന് പിന്നിലെ യഥാർത്ഥ സത്യം പുറത്തുവരൂ എന്നാണ് കുടുംബം കരുതുന്നത്.

Related Articles

Back to top button