‘കിഫ്ബിയേക്കാൾ മികച്ച ബദൽ യുഡിഎഫിനുണ്ടോ?’…. വികസന പദ്ധതികൾ നിർത്തിയാൽ വൻ പ്രതിഷേധമെന്ന് ടി.എം തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ ഇന്നുവരെ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്. നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതിയാണ് കിഫ്ബി. സംസ്ഥാനത്ത് കിഫ്ബി വേണ്ടെന്ന് തീരുമാനിക്കാൻ നിലവിലെ സർക്കാരിന് അവകാശമുണ്ടെന്നും എന്നാൽ കിഫ്ബി വഴി നിലവിൽ പുരോഗമിക്കുന്ന 60,000 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികൾ നിർത്തിവെക്കാൻ പാടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചാൽ സംസ്ഥാനത്ത് വലിയ ജനകീയ പ്രതിഷേധങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്ന പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തോമസ് ഐസക് പറഞ്ഞു. എന്നാൽ സർക്കാർ പ്രഖ്യാപിക്കുന്ന ഇത്തരം സബ്‌സിഡികളുടെയും സൗജന്യങ്ങളുടെയും തുക കെഎസ്ആർടിസിക്ക് കൃത്യസമയത്ത് കൈമാറാൻ സർക്കാർ തയ്യാറാകണം. ടിക്കറ്റ് ചാർജ് ഇനത്തിലുള്ള തുക സർക്കാർ നൽകാതിരുന്നാൽ വണ്ടിയോടിക്കാൻ മാനേജ്മെന്റ് കടുത്ത പ്രതിസന്ധിയിലാകും. നിലവിലുള്ള പൊതുഗതാഗത സംവിധാനത്തെ തകർക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മികച്ച രീതിയിൽ ലാഭത്തിൽ നടന്നിരുന്ന കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ പോലും ഇത്തരം അശാസ്ത്രീയമായ സബ്‌സിഡി നയങ്ങൾ കാരണം വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് നമ്മൾ കണ്ടതാണെന്നും മുൻ ധനമന്ത്രി ഓർമ്മിപ്പിച്ചു.



