പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പ്രധാനമന്ത്രി രാജി സ്വീകരിച്ചു തുടങ്ങിയ സാഹചര്യത്തിൽ തന്റെ രാജി കൂടി സ്വീകരിക്കണമെന്നും ഏഴ് വർഷമായി എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ‘സർ, അദ്ദേഹം ഫെയ്സ്ബുക്കിലും എക്സിലും അത്ര സജീവമല്ല. ഇപ്പോൾ അദ്ദേഹം ഇൻസ്റ്റാഗ്രാം വഴിയാണ് കാര്യമായി ഭരണം നടത്തുന്നത്, റീലുകൾ മാത്രമേ സ്വീകരിക്കൂ’. എന്ന് ഒരു ഉപഭോക്താവ് കമന്റ് ചെയ്തു. ‘അതെ അതെ.. ഇൻസ്റ്റാഗ്രാമിൽ എങ്ങനെ രാജിക്കത്ത് നൽകാം എന്ന് ഞാൻ തിരയുകയാണെന്ന്’ കണ്ണൻ ഗോപിനാഥനും ഇതിന് പരിഹാസ രൂപേണ മറുപടി നൽകി. കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് അദ്ദേഹം സിവിൽ സർവീസിൽ നിന്ന് രാജിവെച്ചത്. എന്നാൽ ഈ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൻ. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണൻ സജീവമായിരുന്നു. 2019ൽ രാജി സമർപ്പിച്ച അദ്ദേഹം 2025ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു.



