അടിമാലി മണ്ണിടിച്ചില്‍ ദുരിതബാധിതര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം ഓണത്തിന് മുന്‍പ്, …. മന്ത്രി അനില്‍കുമാര്‍

തിരുവനന്തപുരം : ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായ ഭൂപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. 60 ലധികം വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കണം. നിയമങ്ങളില്‍ ഭേദഗതി നടപ്പാക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ടാം ഭൂപരിഷ്ക്കരണ നിയമമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ വിഭാഗങ്ങള്‍ക്കും ഭൂപരിഷ്ക്കരണത്തിന്റെ നേട്ടം ലഭ്യമാകണം. അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസം നീക്കും. സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.



