വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം, 42കാരൻ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപയിലധികം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ,ആലയിലെ ശ്രീജിത്തി (42)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. ഹൊസ്ദുർഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. 39 കാരിയായ യുവതിയുടെ പരാതിയിലാണ് കേസും അറസ്റ്റും. യുവതിയുമായി ശ്രീജിത്ത് നേരത്തെ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. ഇതിനിടയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പത്തു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതെന്നാണ് യുവതിയുടെ പരാതി. പിന്നീട് ശ്രീജിത്ത് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. വിവാഹബന്ധം വേർപെടുത്തി മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി പ്രതി പ്രണയബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനവും നൽകി. വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പേരിലുണ്ടായിരുന്ന വീട് നിർബന്ധിച്ച് വിൽപ്പന നടത്തിച്ച ശേഷമാണ് പ്രതി മറ്റൊരു സ്ഥലത്ത് ചെറിയ വീടും സ്ഥലവും വാങ്ങാൻ പ്രേരിപ്പിച്ചതെന്ന് പറയുന്നു. ബാക്കിയുണ്ടായിരുന്ന തുകയും പുതുതായി വാങ്ങിയ വീടും സ്ഥലവും ബാങ്കിൽ പണയം വെപ്പിച്ചും വിവിധ ആവശ്യങ്ങൾ പറഞ്ഞും 10 ലക്ഷം രൂപ പ്രതി കൈപ്പറ്റിയതായാണ് ആരോപണം.

Related Articles

Back to top button