‘ദൃഢവും’ ‘ഭൂതകാലവും’ എന്റെ കഥകൾ മോഷ്ടിച്ച് ഉണ്ടാക്കിയ സിനിമകൾ… സിനിമാ ലോകത്തെ ഞെട്ടിച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം: യുവനടൻ ഷെയ്ൻ നിഗം നായകനായ ‘ദൃഢം’, ‘ഭൂതകാലം’ എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്ടിച്ച് നിർമ്മിച്ചതാണെന്ന ഗുരുതര ആരോപണവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും തിരുവനന്തപുരത്തെ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിനിമാ അണിയറപ്രവർത്തകർക്കെതിരെ ശക്തമായ ആരോപണവുമായി അവർ രംഗത്തെത്തിയത്.

താൻ മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചാണ് ‘ദൃഢം’ എന്ന സിനിമയുടെ മൂലകഥ തയ്യാറാക്കിയതെന്ന് ശ്രീലേഖ പറയുന്നു. ഈ കഥ മുൻപ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ശ്രവ്യകഥയായി അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ ലിങ്ക് സഹിതം പങ്കുവെച്ചുകൊണ്ട് അവർ വ്യക്തമാക്കി. ഇതിന് പുറമെ, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ‘ഭൂതകാലം’ എന്ന സിനിമയ്ക്കെതിരെയും ശ്രീലേഖ മോഷണക്കുറ്റം ആരോപിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു അനുഭവ കഥയാണ് ‘ഭൂതകാലം’ എന്ന പേരിൽ സിനിമയാക്കിയത് എന്നാണ് ആരോപണം. സിനിമയുടെ തലക്കെട്ടിന് പോലും തന്റെ കഥയുമായി സാമ്യമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ‘ഭൂത ഭവനം’ എന്നായിരുന്നു താൻ ആ അനുഭവ കഥയ്ക്ക് നൽകിയ പേരെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം….

”ദൃഢം” (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.

ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ “ഷെയിൻ നിഗം” ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കാവുന്ന ആരോപണമാണ് മുൻ ഡിജിപി കൂടിയായ ആർ ശ്രീലേഖ ഉയർത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളോട് സിനിമകളുടെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button