കനത്ത ജാഗ്രത തുടരാൻ നിർദേശം; ഈ ജില്ലയിൽ ഇന്നത്തെ രാത്രി നിർണായകമെന്ന് മന്ത്രി

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ രാത്രിയും ഞായറാഴ്ച പകലും മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും, കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്നത്തെ രാത്രി അതീവ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തനിവാരണ അതോറിറ്റി പമ്പാ നദീതടത്തിന് അതിതീവ്ര മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരെ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ജില്ലയിൽ 95 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, അവിടങ്ങളിൽ 3,568 പേരാണ് കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
2018-ലെ പ്രളയത്തിന് ശേഷം നദികളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. രണ്ടര വർഷമായി തുറന്നുകിടക്കുന്ന മണിയാർ ഡാമിന്റെ ഷട്ടർ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളെ മാത്രം പങ്കെടുപ്പിച്ച് യോഗം വിളിച്ചെന്ന പ്രതിപക്ഷ വിമർശനവും മന്ത്രി തള്ളി. എംഎൽഎമാരും വിവിധ ജനപ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ചിത്രങ്ങൾ സഹിതം വിശദീകരിച്ചു.
പ്രളയബാധിത വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിനും 25,000 രൂപ വീതം അനുവദിച്ചതായും, ദുരിതാശ്വാസ ക്യാംപുകളുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപ അധികമായി നൽകുമെന്നും മന്ത്രി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മന്ത്രിസഭ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



