പുതിയ മന്ത്രിസഭയ്ക്കെതിരെവിമർശനവുമായി ദേശാഭിമാനി….

കൊച്ചി: യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വിമർശനവുമായി ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയൽ. മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ നേതാക്കളുടെ മക്കളും ബന്ധുക്കളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനിയുടെ വിമർശനം. കോൺഗ്രസിൻ്റെയും ലീഗിൻ്റെയും മക്കൾ രാഷ്ട്രീയത്തിന് ഉദാഹരണമാണ് ഇവരുടെ മന്ത്രിസഭാ പങ്കാളിത്തം എന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി വിമർശനം ഉന്നയിച്ചിരിക്കുന്നത്.പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന എന്ന മുഖവുരയോടെയാണ് ദേശാഭിമാനി വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുൻമുഖ്യമന്ത്രി കെ കരുണാകരൻ്റെ മകൻ കെ മുരളീധരൻ, മുൻ ചീഫ് വിപ്പ് സീതി ഹാജിയുടെ മകൻ പി കെ ബഷീർ, നാലുതവണ മന്ത്രിയായിരുന്ന ടി എം ജേക്കബ്ബിൻ്റെ മകൻ അനൂപ് ജേക്കബ്, മുൻമന്ത്രി ബേബി ജോണിൻ്റെ മകൻ ഷിബു ബേബി ജോൺ, മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂർ, പാലക്കാട് എം പി വി കെ ശ്രീകണ്‌ഠൻ്റെ ഭാര്യ കെ എ തുളസി എന്നിവരുടെ മന്ത്രിപദവി ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി വിമർശനം ഉയർത്തിയിരിക്കുന്നത്. മുൻമന്ത്രി പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ ചീഫ് വിപ്പായി നിയോഗിച്ചതും ദേശാഭിമാനി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ടീം യുഡിഎഫ്’ എന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചെങ്കിലും തുടർന്ന് പ്രകടമായത് അനൈക്യത്തിൻ്റെയും ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളുടെയും തർക്കങ്ങളുടെയും പരമ്പരയാണെന്നും ദേശാഭിമാനി എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. പൂർണതൃപ്തിയോടെ തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രിപ്പട്ടികയിൽ അർഹർ പലരും ഇല്ലാതെപോയെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ അഭിപ്രായവും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘അധികാരമെന്നത് ആസ്വദിക്കാനും ആഘോഷിക്കാനും ജാതിമത ശക്തികളെ തൃപ്‌തിപ്പെടുത്താനുമുള്ള അവസരമാണെന്ന കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും കാഴ്ചപ്പാടിന് വലതുപക്ഷ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണ്. കണക്കുതീർക്കലിൻ്റെയും ഗ്രൂപ്പ് ശക്തിപ്പെടുത്തലിൻ്റെയും അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനങ്ങൾ പങ്കിട്ടു. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെ പോയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, തന്നോട് ആഭിമുഖ്യമുള്ളവരെ മന്ത്രിമാരാക്കാൻ വ്യഗ്രത കാട്ടി. ഘടകകക്ഷികളിലും പരിഭവങ്ങളും പരാതികളും ബാക്കിയാ’ണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.



