ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല, ദളിത് യുവതിയുടെ പ്രസവം നടന്നത് റോഡരികിൽ

ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഇരുപതുകാരിയായ ദളിത് യുവതി വഴിയരുകിൽ പ്രസവിച്ചു. ഉത്തർപ്രദേശിലെ ഭദോഹിയിൽ ആയിരുന്നു സംഭവം. ആശുപത്രി ചികിത്സ നിഷേധിച്ച സാഹചര്യത്തിലാണ് യുവതി റോഡരികിൽ പ്രസവിച്ചത്. ദോഹിയിലെ മഹാരാജ ചേത് സിങ് ഗവൺമെന്റ് ആശുപത്രിക്ക് പുറത്തായിരുന്നു സംഭവം. ദളിത് വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ട ആളായിരുന്നു യുവതി. അതിനാൽ യുവതിയെ ചികിത്സയ്‌ക്കില്ലെന്ന് ആശുപത്രി ജീവനക്കർ അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ ചികിത്സ നിഷേധിച്ച സാഹചര്യത്തിലാണ് യുവതിക്ക് റോഡരികിൽ പ്രസവിക്കേണ്ടി വന്നതെന്ന് കുടുംബം ആരോപിച്ചു.

കടുത്ത പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിയ യുവതിയെ “മുസഹർ സമുദായക്കാരിയാണ്, പ്രസവമെടുക്കില്ല” എന്ന് പറഞ്ഞ് ജീവനക്കാർ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു എന്നാണ് ആരോപണം. തുടർന്ന് ആശുപത്രിക്ക് വെളിയിലെ റോഡരികിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെയാണ് അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചത്. സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പോലീസ് ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കി.

സംഭവം വലിയ ചർച്ചയായതോടെ ആശുപത്രി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പിന്നാലെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ നടപടിയെടുത്തു. ഡോക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ചികിത്സ നിഷേധിച്ച ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. ദളിത്, ആദിവാസി വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായെത്തി. രോഗികൾക്ക് അടിയന്തര മെഡിക്കൽ സഹായം നൽകേണ്ടത്തിന് പകരം ആശുപത്രികളിൽ പോലും ഇത്തരത്തിൽ ജാതി വിവേചനം നിലനിൽക്കുന്നത് ആരോഗ്യ മഖലയുടെ തന്നെ തകർച്ചയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Related Articles

Back to top button