ഒടിടി വിവാദത്തിൽ കുടുങ്ങി ‘ദൃശ്യം 3’; റിലീസിന് മുൻപ് ഹൈക്കോടതി ഇടപെടൽ

ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 റിലീസിന് മുമ്പ് അപ്രതീക്ഷിത തിരിച്ചടി. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഒടിടി അവകാശവുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉയർന്നത്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിൽപ്പനയിൽ നിർമ്മാതാക്കൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ഡൽഹി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെ ഈ വിലക്ക് തുടരും. ചിത്രം മെയ് 21-ന് റിലീസ് ചെയ്യാനിരിക്കെ, റിലീസിന് ആറ് ദിവസം മുമ്പ് വരെയുള്ള ഈ വിലക്ക് നിർമ്മാതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ചിത്രത്തിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശം തങ്ങളുടേതാണെന്ന് പ്രൈം വീഡിയോ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസുമായി ഉണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെന്നും അവർ പറഞ്ഞു.
ഡിജിറ്റൽ റൈറ്റ്സിലെ വിവിധ വിഭാഗങ്ങളായ എസ്വിഒഡി, ടിവിഒഡി, എവിഒഡി, എഫ്വിഒഡി, ഇഎസ്ടി തുടങ്ങിയ എല്ലാ അവകാശങ്ങളും തങ്ങൾക്കാണെന്നും, നിർമ്മാതാക്കൾക്ക് ഇതിൽ ഇനി ഇടപെടാൻ അധികാരമില്ലെന്നും പ്രൈം വീഡിയോ ആരോപിച്ചു. ഈ സാഹചര്യത്തിൽ മറ്റു കക്ഷികളുമായി പുതിയ കരാറുകൾ ഉണ്ടാക്കുന്നത് നിയമപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്റെ ആഗോള തിയേറ്റ്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കിയതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്, ഇതോടെ വിവാദം കൂടുതൽ സങ്കീർണമാകുന്നു.
റിലീസിന് മുന്നോടിയായി ഉയർന്ന ഈ നിയമവിവാദം ‘ദൃശ്യം 3’യുടെ ബിസിനസ് പദ്ധതികൾക്ക് തിരിച്ചടിയായെങ്കിലും, പ്രേക്ഷക പ്രതീക്ഷയിൽ മാറ്റമില്ല. കോടതി വിധിയും തുടർനടപടികളും ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിനെ നിർണായകമായി ബാധിക്കുമെന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ.




