ഉസ്ബക്കിസ്താനിലെ മലയാളി വിദ്യാർത്ഥിനിയുടെ മരണം: പ്രതിയെ നാട്ടിലെത്തിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന്….

ഹരിപ്പാട്: ഉസ്ബക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥി സാവരിയ ബസന്തിന്റെ കൊലപാതകത്തിൽ പ്രതിയെ അടിയന്തരമായി കേരളത്തിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രതിയെ നാട്ടിലെത്തിക്കാൻ ചെയ്യേണ്ട പ്രാഥമിക നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതക കേസിൽ പ്രതിയായ സദറുൽ അന്നത്ത് നിലവിൽ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പോലീസിന്റെ കസ്റ്റഡിയിലും ജയിലിലുമാണ്. പ്രതിക്കെതിരെ ഹരിപ്പാട് പോലീസും കേസെടുത്തിട്ടുണ്ട്. ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മിൽ കുറ്റവാളി കൈമാറ്റക്കരാർ നിലവിലുണ്ടെങ്കിലും, പ്രതിയെ ഇന്ത്യയ്ക്ക് കൈമാറണമെങ്കിൽ ഉസ്ബക്കിസ്ഥാനിലെ പ്രാദേശിക അന്വേഷണവും കോടതി നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. ഈ നടപടികൾ വേഗത്തിലാക്കാൻ കെ സി വേണുഗോപാൽ എംപി നേരിട്ട് ഇടപെടും.
അതിനിടെ സാവരിയ ബസന്തിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. സാവരിയയുടേത് ക്രൂരമായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥിനിയുടെ തലയ്ക്ക് പിന്നിൽ രണ്ട് തവണ ശക്തമായി അടിച്ചതിന്റെ അടയാളങ്ങളുണ്ട്. കൂടാതെ ശരീരമാകെ ക്രൂരമായ ചതഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണകാരണം കൂടുതൽ വ്യക്തമാകുന്നതിനായി സാവരിയയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.



