‘കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ല’…. പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന നിരീക്ഷണവുമായി പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയായ രതീഷ് കാളിയാടന്റെ ലേഖനമാണ് ഇപ്പോൾ ഭരണകക്ഷിയായ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ധാരണാപത്രത്തിൽ ഒപ്പുവെച്ച സ്ഥിതിക്ക് പി എം ശ്രീ പദ്ധതിയിൽ നിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധർ ആഴത്തിൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം വ്യക്തമാക്കുന്നു. ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താല്പര്യം മുൻനിർത്തി 30 ദിവസത്തേക്ക് നോട്ടീസ് നൽകി ഈ കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസിയിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറാൻ ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണമെന്ന് രതീഷ് കാളിയാടൻ വ്യക്തമാക്കുന്നു.
സാധാരണനിലയിൽ കേന്ദ്രാവിഷ്കൃത പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്ര കാര്യത്തിൽ വകുപ്പുതല തീരുമാനം മതിയാകും. എന്നാൽ പി എം ശ്രീയുടെ കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു. ചില മന്ത്രിമാർ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് മാറ്റിവെച്ച കാര്യത്തിൽ, വീണ്ടും മന്ത്രിസഭയുടെ അംഗീകാരം നേടാതെ 2025 ഒക്ടോബർ 25-ന് ഒപ്പുവെച്ചുവെന്നത് അപാകതയായി ചൂണ്ടിക്കാണിക്കാവുന്നതാണെന്ന് ലേഖനത്തിൽ പറയുന്നു. എന്തു തന്നെയായാലും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുക എന്ന ഉദ്ദേശ്യമല്ല, സമഗ്ര ശിക്ഷ കേരളത്തിന് ന്യായമായും ലഭിക്കേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഈ ഒപ്പിടലിനു പിന്നിൽ. എന്നാൽ ഇത് തിരിച്ചറിയാതെ ഭരണ-പ്രതിപക്ഷ കക്ഷികളിൽനിന്നും വ്യാപകമായ വിമർശനം ഉയർന്നുവന്നതോടെ ഒപ്പിട്ട നടപടി മരവിപ്പിക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് 2025 നവംബർ 12-ന് കേന്ദ്രത്തിലേക്ക് സംസ്ഥാനം കത്ത് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് രതീഷ് കാളിയാടൻ ലേഖനത്തിലൂടെ വിശദമാക്കുന്നു.



