ഒറ്റക്കെട്ടായി പോകണമെങ്കിൽ പങ്കുവെക്കൽ വേണം.. സിപിഐഎമ്മിനെതിരെ ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ ഉറച്ചുനിന്നും സിപിഐഎമ്മിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കങ്ങൾ പറഞ്ഞ് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അത് മുന്നണിയിൽ കൃത്യമായി പങ്കുവെയ്ക്കപ്പെടണം. എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ അത്തരം പങ്കുവെക്കലുകൾ അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യാതൊരുവിധ തർക്കവും സംശയവുമില്ല. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. എല്ലാ കീഴ്‌വഴക്കങ്ങളും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്‌വഴക്കമല്ല, രാഷ്ട്രീയവും എൽഡിഎഫും ഒന്നിച്ചുപോക്കുമാണ് വലുത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ദുർബലമാക്കാനല്ല, മറിച്ച് ശക്തമാക്കാനാണ്. എൽഡിഎഫ് മുന്നണിയായി തുടർന്നുപോകണമെങ്കിൽ ഇത്തരം തീരുമാനങ്ങൾ ഉണ്ടായേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചതോടെ, പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എംഎൻ സ്മാരകത്തിൽ വെച്ചായിരിക്കും ഇത്തവണത്തെ ഉഭയകക്ഷി ചർച്ച നടക്കുക. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിപിഐയെ, അവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച് സമവായത്തിലെത്തിക്കാമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.
ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിരിക്കുന്ന ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. കൂടാതെ 13, 14 തീയതികളിൽ സിപിഐയുടെ നേതൃയോഗങ്ങളും നടക്കുന്നുണ്ട്. ഈ യോഗങ്ങളിൽ സമവായത്തിന്റെ വഴിതെളിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. മുൻപ് എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ ശക്തമായ എതിർപ്പ് നിലനിൽക്കുമ്പോഴാണ് സിപിഐഎം നേതൃത്വം ഇതിന് മുൻപ് എംഎൻ സ്മാരകത്തിൽ എത്തി ചർച്ച നടത്തിയത്. അന്ന് നടന്ന മുന്നണി യോഗത്തിൽ വെച്ച് സിപിഐ സമവായത്തിന് വഴങ്ങിയിരുന്നു. തങ്ങൾ ആതിഥേയത്വം വഹിക്കുന്ന ചർച്ചയായതിനാൽ ഇത്തവണയും സിപിഐ കടുംപിടുത്തം പിടിക്കില്ലെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.



